കൊച്ചി: സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇനി രണ്ടാം ശനിയാഴ്ച ശുചിത്വദിനം. അന്നേദിവസം പോലീസ് സ്റ്റേഷനുകളിലും ഓഫീസ് പരിസരങ്ങളിലും ശുചിത്വം ഉറപ്പുവരുത്തണമെന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയന്റെ ഉത്തരവ്. എല്ലാ പോലീസ് സ്റ്റേഷനുകളിലും സമഗ്ര ശുചിത്വപ്രവർത്തനങ്ങൾ ഇതിനകം നടക്കുന്നുണ്ടെന്നും ഈ മാസം 11 മുതൽ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇതു പ്രാബല്യത്തിൽ വരുമെന്നും എഡിജിപി പി. വിജയൻ പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരുടെ വേഷവിതാനം വൃത്തിയുള്ളതും അച്ചടക്കമുള്ളതും വകുപ്പുതല മാനദണ്ഡങ്ങള്‍ക്ക് അനുസൃതവുമാകണം എന്നതുൾപ്പെടെ 23 ഇന നിർദേശങ്ങളാണ് ഉത്തരവിലുള്ളത്.
വകുപ്പിലെ എല്ലാ വാഹനങ്ങളും പോലീസ് സ്റ്റേഷന് പരിസരത്ത് കൃത്യമായ ക്രമത്തില്‍ പാര്‍ക്ക് ചെയ്യുക , കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങളും അവകാശികളില്ലാത്ത വാഹനങ്ങളും പോലീസ് സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍, മറ്റ് നിയമനടപടിക്രമങ്ങള്‍ എന്നിവ കര്‍ശനമായി പാലിച്ച് ഒഴിവാക്കുക, വാഹനങ്ങള്‍ പോലീസ് സ്റ്റേഷന് പരിസരത്ത് സൂക്ഷിക്കുന്നപക്ഷം അവ കൃത്യമായ ക്രമത്തില്‍ നിര്‍ത്തിയിടുക, പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള ലഹരിമരുന്നുകളും ലഹരിപദാര്‍ഥങ്ങളും നിയമനടപടികള്ക്കg വിധേയമായി ഉടന്‍ നശിപ്പിക്കുകയോ ഒഴിവാക്കുകയോ ചെയ്യുക, സ്റ്റേഷനില്‍ ആയുധങ്ങള്‍ സുരക്ഷിതവുമായ സാഹചര്യത്തില്‍ സൂക്ഷിക്കുക, തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്ന മുറികള്‍ കൃത്യമായ രേഖകളോടെയും സുരക്ഷിതമായും പരിപാലിക്കുക എന്നിവയെല്ലാം നിർദേശത്തിലുണ്ട്.
സന്ദര്‍ശകര്‍ക്കായുള്ള കസേരയില്‍ പോലീസ് ഇരിക്കേണ്ട !
പോലീസ് സ്റ്റേഷനില്‍ സന്ദര്‍ശകര്‍ക്കായി നീക്കിവച്ചിട്ടുള്ള കസേരകള്‍ അവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തണം. ഇവ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. ശിശുസൗഹൃദ സ്റ്റേഷനിലെ സൗകര്യങ്ങള്‍ കുട്ടികളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കു മാത്രമായി ഉപയോഗിക്കണം.
വനിതാ ഹെല്‍പ്പ് ഡെസ്കിനായി നല്‍കിയിട്ടുള്ള എല്ലാ ഫര്‍ണിച്ചറുകളും ഉപകരണങ്ങളും സൗകര്യങ്ങളും നിര്‍ദിഷ്ട ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ. പൊതുമേഖലാസ്ഥാപനങ്ങള്‍, ബാങ്കുകള്‍, എംപി, എംഎല്‍എ ഫണ്ടുകള്‍, മറ്റ് നിയമപരമായ സ്രോതസുകള്‍ എന്നിവയില്‍നിന്നുള്ള സാമ്പത്തിക സഹായം സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഉയോഗിക്കണം.
എല്ലാ ജില്ലാ പോലീസ് മേധാവികളും ഡിസിപി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥരും കുറഞ്ഞത് ഒരു പോലീസ് സ്റ്റേഷനെങ്കിലും ഏറ്റെടുത്ത് അതിന്റെ പ്രവര്‍ത്തനം, അടിസ്ഥാനസൗകര്യങ്ങള്‍, പൊതുജന സേവനം എന്നിവ കൃത്യമായി അവലോകനം ചെയ്യണമെന്നും എല്ലാ അപേക്ഷകളും പരാതികളും നിശ്ചിത സമയപരിധിക്കുള്ളില്‍ തീര്‍പ്പാക്കി കാലതാമസം ഒഴിവാക്കണമെന്നും എഡിജിപി പി. വിജയൻ നൽകിയ നിര്‍ദേശത്തിലുണ്ട്.